കേരളം

‘പ്രിയദർശിനി’ ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ; 700 ബസുകൾ സർവീസ് നിർത്തി, നിരക്ക് വർധന ആവശ്യപ്പെടും

100 ദിവസത്തിനിടെ സ്വകാര്യ ബസ് മേഖലയ്ക്ക് 130 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന് ബസുടമകൾ. ബസ് നിരക്ക് വർധിപ്പിക്കണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് ബസുടമകൾ രംഗത്ത്.

bus
bus

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി 100 ദിവസം പൂർത്തിയാക്കി. ജൂൺ 15ന് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 12.54 കോടിയിലേറെ സൗജന്യ യാത്രകൾ നടന്നതായും 266.53 കോടി രൂപയുടെ യാത്രാസൗജന്യം നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, പദ്ധതി സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിച്ചെന്നാണ് ബസുടമകളുടെ പരാതി. വരുമാനം കുറഞ്ഞതോടെ സംസ്ഥാനത്ത് 700ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതായും, നിലവിൽ ഓടുന്ന ബസുകളിൽ പലതും ഭാഗിക സർവീസാണ് നടത്തുന്നതെന്നും ബസുടമകൾ പറയുന്നു.

ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലാളികൾ ജോലിക്ക് എത്താത്തതും സർവീസുകളെ ബാധിക്കുന്നതായി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമെന്നും അവർ പറയുന്നു. പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് ഉടമകൾ വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സർവീസ് നിർത്താനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികൾ നാളെ ഗതാഗത മന്ത്രി സി.പി. ജോണുമായി കൂടിക്കാഴ്ച നടത്തും. ബസ് നിരക്ക് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുക.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നിർത്തിവച്ച് സമരം നടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധി ഗോപിനാഥൻ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രിയദർശിനി പദ്ധതി പൊതുഗതാഗതത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിച്ചതായാണ് സർക്കാർ വിലയിരുത്തൽ. പദ്ധതിക്ക് ശേഷം കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായതായി സർക്കാർ കണക്കുകൾ പറയുന്നു

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.