കേരളം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

⚠️ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും മുന്നറിയിപ്പ്! കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

heavy2
heavy2

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.

കേരളത്തിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ ആറന്മുളയും റാന്നിയും സന്ദർശിക്കും. ദുരിതബാധിതരുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേൾക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ കൂടുതൽ ദുരിതാശ്വാസ നടപടികളും സഹായ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ശനി, ഞായർ ദിവസങ്ങളിൽ മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ലെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് ഇന്നത്തെ സന്ദർശനം.

ശക്തമായ മഴയെ തുടർന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട്, തൃശൂർ, മലപ്പുറം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ എന്നീ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. എന്നാൽ ഈ മൂന്ന് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.