കേരളം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മരണസംഖ്യ രണ്ടായി

🌧️ കനത്ത മഴയിൽ കേരളം ദുരിതത്തിൽ... ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപക നാശനഷ്ടം വിതച്ചു. നിരവധി വീടുകൾ തകർന്നു, റോഡുകൾ വെള്ളത്തിനടിയിലായി. ഇടുക്കിയിൽ രണ്ട് പേരും കോട്ടയത്ത് രണ്ട് പേരും മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

rain isssue2
rain isssue2

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം വിവിധ പ്രദേശങ്ങളിൽ ദുരന്താവസ്ഥയാണ്.

ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. മലവെള്ളപ്പാച്ചിലിൽ ഇവരുടെ വീട് പൂർണമായും മണ്ണിനടിയിലായി. വീടുണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ രക്ഷപ്പെടുത്തി.

കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരനും മരിച്ചു. പശുപ്പാറയിൽ വീട് തകർന്നെങ്കിലും കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ ആലക്കോട് രണ്ട് വീടുകൾ തകർന്നു. കൊക്കയാറിൽ ആറു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

പീരുമേട് പാഞ്ചാലിമേട്ടിൽ റിസോർട്ടിന്റെ മതിൽ ഇടിഞ്ഞ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കോട്ടയം–കുമളി റോഡിലെ പെരുവന്താനത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഉപ്പുതുറ മത്തായിപ്പാറയിൽ പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണെങ്കിലും പൊലീസുകാർ നേരത്തെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ അപകടം ഒഴിവായി.

ഏലപ്പാറ, തൊമ്മൻകുത്ത്, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. പൂഞ്ഞാർ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ ഉരുൾപൊട്ടലിൽ ജോസഫും റെജീനയും മരിച്ചു. കുട്ടിക്കൽ, തീക്കോയി, പെരിങ്ങുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. നിരവധി വീടുകൾ തകർന്നു.

മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ ടൗണിലും സമീപപ്രദേശങ്ങളിലും വെള്ളം കയറി. ഈരാറ്റുപേട്ട, മണിമല, മുണ്ടക്കയം എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒറ്റപ്പെട്ട കുടുംബങ്ങളെ ഫയർഫോഴ്‌സ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.