കേരളം

സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ട, കോട്ടയം, കുട്ടനാട് വെള്ളക്കെട്ടിൽ, നിരവധി കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്

കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ മങ്കൊമ്പ്, പുളിങ്കുന്ന്, കൈനകരി, കാവാലം എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറിത്തുടങ്ങി. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.

rain seen
rain seen

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി പ്രദേശങ്ങളിൽ വീടുകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനജീവിതം പ്രതിസന്ധിയിലായി.

പത്തനംതിട്ട ജില്ലയിൽ ശബരിമല വനമേഖല ഉൾപ്പെടെ രാത്രിമുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് പാലം വരെ ഉയർന്നു. തിരുവല്ല ടൗണിലെ വിവിധ ഭാഗങ്ങളിലും റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലുമുള്ള റോഡുകൾ വെള്ളത്തിനടിയിലായി. എം.സി. റോഡിലെ തിരുമൂലപുരം, ആറന്മുള എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി. കക്കാട്ടാർ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കോട്ടയം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. പാലാ–ഈരാറ്റുപേട്ട റോഡിലും ഭരണങ്ങാനം–പൈക റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാലാ നഗരത്തിലെ കൊട്ടാരമറ്റം, കോട്ടയം നഗരത്തിനടുത്തുള്ള ഇല്ലിക്കൽ, താഴത്തങ്ങാടി പ്രദേശങ്ങളും വെള്ളക്കെട്ടിലായി.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ മങ്കൊമ്പ്, പുളിങ്കുന്ന്, കൈനകരി, കാവാലം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറിത്തുടങ്ങി. വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയതിനാൽ ചിലയിടങ്ങളിൽ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തിരുവനന്തപുരത്തെ മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി തിരയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനെയും വിഴിഞ്ഞം സ്വദേശി ജോണിനെയും കണ്ടെത്താനുള്ള തിരച്ചിലും തുടരുകയാണ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.