കേരളം

സ്ഥിതി നിയന്ത്രണവിധേയം; ആശങ്ക വേണ്ട, ഉണ്ടായത് മിന്നൽ പ്രളയമെന്ന് മുഖ്യമന്ത്രി

മഴക്കെടുതിയിൽ മരിച്ച 15 പേരുടെ കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. പൂർണമായി വീട് നഷ്ടമായവർക്ക് 12 ലക്ഷം രൂപയും കൃഷിനാശം നേരിട്ട കർഷകർക്ക് വർധിപ്പിച്ച നഷ്ടപരിഹാരവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

vd
vd

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്തനംതിട്ട ഉൾപ്പെടെ ചില ജില്ലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതായും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്താകെ 316 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 11,018 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ഒരു ക്യാമ്പിലും പ്രത്യേക പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും കൂടുതൽ എൻഡിആർഎഫ് സംഘങ്ങളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതിയിൽ മരിച്ച 15 പേരുടെ കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നൽകും. പൂർണമായി വീട് നഷ്ടമായവർക്ക് 12 ലക്ഷം രൂപ ധനസഹായവും കൃഷിനാശം സംഭവിച്ച കർഷകർക്ക് വർധിപ്പിച്ച നഷ്ടപരിഹാരവും നൽകുമെന്ന് സർക്കാർ അറിയിച്ചു. 165 ഹെക്ടർ കൃഷിനാശം റിപ്പോർട്ട് ചെയ്തതായും 3,596 കർഷകരെ ഇത് ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

രാത്രിയിൽ പെയ്ത അതിതീവ്ര മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപ്രതീക്ഷിതമായി വെള്ളം ഉയർന്നതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ആവശ്യമായ സമയം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് സുരക്ഷിത നിലയിലാണെന്നും മൂഴിയാർ അണക്കെട്ട് ഒഴികെ മറ്റെവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡാമുകളിൽ നിന്ന് വ്യാപകമായി വെള്ളം തുറന്നുവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.