തിരുവല്ലയും അപ്പർ കുട്ടനാടും നാലാം ദിനവും വെള്ളത്തിൽ; 6,000-ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
തിരുവല്ലയിൽ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തോളം പേർ കഴിയുന്നു. അപ്പർ കുട്ടനാട്ടിലെ ചില ക്യാമ്പുകൾ വെള്ളത്താൽ ചുറ്റപ്പെട്ടതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വെല്ലുവിളി.
തിരുവല്ലയും അപ്പർ കുട്ടനാട് മേഖലയിലും നാലാം ദിനവും പ്രളയദുരിതം തുടരുന്നു. ജലനിരപ്പ് കാര്യമായി താഴാത്തതിനാൽ നിരവധി കുടുംബങ്ങൾ വീടുകളിൽ ഒറ്റപ്പെട്ട നിലയിലാണ്. വീടുകളുടെ മുകളിലെ നിലകളിൽ കഴിയുന്നവർക്ക് കുടിവെള്ളവും വൈദ്യുതിയും ലഭിക്കാതെ ദുരിതം നേരിടുകയാണ്.
തിരുവല്ലയിൽ മാത്രം 85 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തോളം പേരാണ് കഴിയുന്നത്. അപ്പർ കുട്ടനാട്ടിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കും ഭക്ഷണവിതരണത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
എം.സി. റോഡ്, തിരുവല്ല–മാവേലിക്കര റോഡ്, തിരുവല്ല–അമ്പലപ്പുഴ റോഡ്, ആലപ്പുഴ–ചങ്ങനാശേരി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.
അതേസമയം, നാലുദിവസമായി പ്രളയത്തിൽപ്പെട്ടിരുന്ന ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്ത താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളക്കെട്ട് തുടരുന്നത്. വെള്ളം കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാന്നിയിലും വെള്ളക്കെട്ട് പൂർണമായും ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.
ചെങ്ങന്നൂർ പാണ്ടനാട് മേഖലയിലും പമ്പ കരകവിഞ്ഞ് വീടുകളിലേക്ക് കയറിയ വെള്ളം നേരിയ തോതിൽ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പാണ്ടനാട്, പ്രയാർ, മിത്രമഠം മേഖലകളിലാണ് കൂടുതൽ ദുരിതം അനുഭവപ്പെടുന്നത്. പാണ്ടനാട്ടിൽ മാത്രം മുപ്പതിലധികം കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ കർണാടകത്തിനും ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനമാണ് മഴ തുടരാൻ കാരണമെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 25 പേർ മരിക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. നിലവിൽ 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരാണ് കഴിയുന്നത്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.