ഉത്സവ സീസണിൽ ഓൺലൈൻ വിപണിയിൽ കുതിപ്പ് പലചരക്കിനും സൗന്ദര്യവർധക വസ്തുക്കൾക്കും; ഐഫോൺ 18 എത്തിയിട്ടും ഫോണുകൾക്ക് ഡിമാൻഡ് കുറവ്
ഉത്സവ സീസണിൽ ഇന്ത്യക്കാരുടെ ഓൺലൈൻ ഷോപ്പിംഗ് ശീലങ്ങളിൽ മാറ്റം. മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും പകരം പലചരക്കും സൗന്ദര്യവർധക വസ്തുക്കൾക്കുമാണ് കൂടുതൽ ഡിമാൻഡ്. ഈ വർഷം ഇ-കൊമേഴ്‌സ് വിപണി 25 ശതമാനം വളരുമെന്നാണ് റെഡ്‌സീർ റിപ്പോർട്ട്.

രാജ്യത്ത് ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഓൺലൈൻ ഷോപ്പിംഗ് ശീലങ്ങളിൽ വലിയ മാറ്റം വരുന്നതായി റിപ്പോർട്ട്. നവരാത്രി-ദീപാവലി വിപണി ലക്ഷ്യമിട്ട് ആപ്പിൾ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മൊബൈൽ ഫോണുകളേക്കാളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളേക്കാളും നിത്യോപയോഗ സാധനങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാരെന്നാണ് റെഡ്‌സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മൊബൈൽ, ഇലക്ട്രോണിക്സ് വിൽപ്പനയിൽ കുറവ്
റെഡ്‌സീറിന്റെ കണക്കുകൾ പ്രകാരം, 2025ലെ ഉത്സവ സീസണിലെ ഓൺലൈൻ വിൽപ്പനയിൽ മൊബൈൽ ഫോണുകൾക്ക് 33 ശതമാനം പങ്കുണ്ടായിരുന്നു. 2026ൽ ഇത് 29 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിഹിതവും 18 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറയുമെന്നാണ് കണക്ക്.
മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും വില വർധിച്ചതാണ് വിൽപ്പനയിലെ ഈ മാറ്റത്തിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. എന്നാൽ സ്മാർട്ട്ഫോണുകളോടുള്ള താൽപര്യം പൂർണമായി കുറഞ്ഞുവെന്നല്ല ഇതിലൂടെ വ്യക്തമാകുന്നത്. നിത്യജീവിതത്തിൽ ആവശ്യമായ കൂടുതൽ സാധനങ്ങൾ ഓൺലൈനായി വാങ്ങുന്ന ശീലം ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്നതാണ് പ്രധാന മാറ്റം.
പലചരക്കിനും സൗന്ദര്യവർധക വസ്തുക്കൾക്കും മുന്നേറ്റം
ഈ മാറ്റത്തിന്റെ പ്രധാന ഗുണഭോക്താക്കളാകുന്നത് ഓൺലൈൻ ഗ്രോസറി മേഖലയാണ്. 2026ലെ ഉത്സവ സീസണിൽ ഓൺലൈൻ ഗ്രോസറി വിൽപ്പനയിൽ മുൻവർഷത്തേക്കാൾ 48–50 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
ബ്യൂട്ടി, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 35–40 ശതമാനം വളർച്ചയും ഫർണിച്ചർ ഉൾപ്പെടെയുള്ള ഗാർഹിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 32–35 ശതമാനം വളർച്ചയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ ഉത്സവ സീസൺ ഇ-കൊമേഴ്‌സ് വിപണി ഈ വർഷം ഏകദേശം 25 ശതമാനം വളരുമെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 12.5 ബില്യൺ ഡോളറായിരുന്ന ഓൺലൈൻ വിൽപ്പന മൂല്യം ഈ വർഷം 15–16 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.
ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 16 കോടിയിൽ നിന്ന് ഈ വർഷം 18 മുതൽ 18.5 കോടി വരെയായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.