കേരളം

'വല്ലാണ്ട് വിരട്ടരുത്... ചെന്നിത്തലയെ പൊന്നാടയണിയിക്കും'; വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി

പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിലിരുന്ന് പുതിയ വീഡിയോയുമായി പ്രതി അർജുൻ ആയങ്കി രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ അന്വേഷണത്തെയും നടപടികളെയും പരിഹസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

chenni
chenni

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി ഇപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് രംഗത്തെത്തി. പൊലീസിനെ വെല്ലുവിളിക്കുന്നവർക്ക് ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ പുതിയ പ്രതികരണം.

തനിക്കും സുഹൃത്തുകൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കാൻ ഉത്തരവിടണമെന്നാണ് അർജുൻ ആവശ്യപ്പെടുന്നത്. താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ, കള്ളക്കേസ് എടുത്തതായി ആരോപിക്കുന്ന സി.ഐ. പ്രശാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അങ്ങനെ ചെയ്താൽ രമേശ് ചെന്നിത്തലയെ പൊന്നാട അണിയിക്കുമെന്നും ഒരുമ്മ നൽകുമെന്നും അർജുൻ പരിഹാസരൂപത്തിൽ പ്രതികരിച്ചു. അതോടൊപ്പം, "വല്ലാതെ വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്" എന്ന മുന്നറിയിപ്പും കുറിപ്പിൽ ഉൾപ്പെടുത്തി.

അതേസമയം, കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം നടത്തുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അർജുൻ ആയങ്കിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് രമേശ് ചെന്നിത്തല, ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച അർജുൻ, കീഴടങ്ങാൻ തയ്യാറായിരുന്നിട്ടും തന്റെ സുഹൃത്തുക്കളെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ചു. ഒളിവിലിരിക്കുന്ന തന്നെ കഴിയുമെങ്കിൽ പിടികൂടാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഓഗസ്റ്റ് 5-ന് രാത്രി 11.40-ഓടെ ഇൻസ്പെക്ടർ ആദർശിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അസഭ്യവും ഭീഷണിയും നിറഞ്ഞ വോയ്സ് ക്ലിപ്പ് അയച്ചതായും പിന്നീട് അത് സ്വന്തം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.