കോഴിക്കോട്

റെയിൽവേ നിയന്ത്രണ ദിവസങ്ങളിൽ കെഎസ്ആർടിസി ബദൽ സർവീസ് നടത്തിയില്ല; കോഴിക്കോട് ഡിടിഒയെ വിളിച്ചുവരുത്തും

റെയിൽവേ നിയന്ത്രണം: ബദൽ സർവീസ് ഏർപ്പെടുത്താത്തതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; കോഴിക്കോട് ഡിടിഒ സെപ്റ്റംബർ 29ന് നേരിട്ട് ഹാജരാകണം

KSRTC
KSRTC

വടകര–കോഴിക്കോട് റൂട്ടിൽ സെപ്റ്റംബർ 17 മുതൽ 30 വരെ റെയിൽവേ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ യാത്രക്കാർക്കായി ആവശ്യമായ ബദൽ ഗതാഗത സൗകര്യം ഒരുക്കാത്തതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. നേരത്തെ കമ്മീഷൻ നൽകിയ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കോഴിക്കോട് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ (ഡിടിഒ) കമ്മീഷൻ നേരിട്ട് വിളിച്ചുവരുത്തി.

സെപ്റ്റംബർ 29ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഡിടിഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുന്നതിൽ ഉണ്ടായ വീഴ്ച സംബന്ധിച്ച് രേഖാമൂലമുള്ള വിശദീകരണവും സമർപ്പിക്കണം.

കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിലെ യാത്രക്കാർക്ക് തുടർയാത്രയ്ക്കായി ബദൽ ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ കെഎസ്ആർടിസി കോഴിക്കോട് ഡിടിഒയ്ക്ക് നിർദേശം നൽകി.

റെയിൽവേ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ പൊതുജനങ്ങളെ അറിയിച്ചിരുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അതിനാൽ യാത്രക്കാരുടെ ഗതാഗത ആവശ്യകത കണക്കിലെടുത്ത് ബദൽ സംവിധാനങ്ങൾ സമയബന്ധിതമായി ഒരുക്കേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കുണ്ടായിരുന്നു.

ഇക്കാര്യത്തിൽ കെഎസ്ആർടിസി സ്വമേധയാ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.