പിരായിരി, മാത്തൂർ പഞ്ചായത്തുകളിലെ ജൽജീവൻ പദ്ധതി പുനരാരംഭിക്കും; മാർച്ച് 31നകം കമ്മിഷൻ ചെയ്യാൻ മന്ത്രി മോൻസ് ജോസഫിന്റെ നിർദേശം
രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം;പാലക്കാട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടികൾ രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം;പാലക്കാട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടികൾ
പാലക്കാട്: പിരായിരി, മാത്തൂർ പഞ്ചായത്തുകളിൽ മുടങ്ങിക്കിടക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ അടിയന്തരമായി പുനരാരംഭിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർദേശം നൽകി.
പദ്ധതിയുടെ പ്രവൃത്തികൾ പൂർത്തിയാക്കി 2027 മാർച്ച് 31നകം കമ്മിഷൻ ചെയ്യാനാണ് നിർദേശം.
പാലക്കാട് നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിശ്ശിക ബില്ലുകളുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിൽ ചർച്ചയായി. ഒരു ബില്ലിന്റെ തുക കൂടി ലഭ്യമാക്കിയാൽ മാർച്ച് അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാമെന്ന് കരാറുകാരന്റെ പ്രതിനിധി അറിയിച്ചു. ധനകാര്യ വകുപ്പിൽനിന്ന് തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അഞ്ചാംമൈൽ–അത്താലൂർ റോഡിലെ ശേഷിക്കുന്ന പൈപ്പ്‌ലൈൻ പ്രവൃത്തികൾ ഒക്ടോബർ അഞ്ചിനകം പൂർത്തിയാക്കി റോഡ് കൈമാറുന്നതിനും നിർദേശം നൽകി.
പാലക്കാട് നഗരസഭയിലെ വെണ്ണക്കര, തിരുനെല്ലായി, മുത്താന്തറ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. നഗരസഭാ പരിധിയിലെ ജലവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
മണ്ഡലത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജല അതോറിറ്റിയുടെ ഒരു സെക്ഷൻ ഓഫീസ് കൂടി പാലക്കാട് മണ്ഡലത്തിൽ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗത്തിൽ നിർദേശം നൽകി.
ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.