സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; ‘കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥർ’: ബിനോയ് വിശ്വം
മുൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്’ എന്ന് ബിനോയ് വിശ്വം പറഞ്ഞു.

ആൺ-പെൺ ബന്ധങ്ങളെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്ന കാര്യത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തൽ നടപടികളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തെറ്റുകളുണ്ടെങ്കിൽ തിരുത്താനും ആവശ്യമായവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
സുരേഷ്ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പുതിയ പാലക്കാട് ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനും പ്രതികരിച്ചത്. സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടില്ലെന്നും സ്വയം മാറിനിൽക്കുകയാണെന്ന് സുരേഷ്ബാബു അറിയിച്ചതായും അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതി സംബന്ധിച്ച വിവരം മാധ്യമവാർത്തകളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും പാലക്കാട് പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ചെന്താമരാക്ഷൻ പറഞ്ഞു.




അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.