Riyadh

മക്ക, റിയാദ് ഗവർണർമാരുടെ കാലാവധി നാല് വർഷത്തേക്ക് നീട്ടി; സൗദി രാജാവിന്റെ ഉത്തരവ്

മക്ക, റിയാദ് പ്രവിശ്യാ ഗവർണർമാരുടെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി സൗദി രാജാവ് സൽമാൻ. മന്ത്രിസഭാ പദവിയോടെയാണ് അമീർ ഖാലിദ് അൽ ഫൈസലിനും അമീർ ഫൈസൽ ബിൻ ബന്ദറിനും കാലാവധി നീട്ടിയത്.

Makkah
Makkah

മക്ക, റിയാദ് പ്രവിശ്യാ ഗവർണർമാരുടെ സേവന കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. മന്ത്രിസഭാ പദവിയോടെയാണ് ഇരുവർക്കും കാലാവധി നീട്ടി നൽകിയത്.

സൽമാൻ രാജാവിന്റെ ഉപദേഷ്ടാവ് കൂടിയായ മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിനെ 2007ലാണ് ആദ്യമായി മക്ക ഗവർണറായി നിയമിച്ചത്. തുടർന്ന് 2015 ജനുവരി 29ന് മന്ത്രിപദവിയോടെ ഗവർണർ സ്ഥാനത്ത് തുടരാൻ നിയമനം നൽകി. ഇതോടൊപ്പം സൽമാൻ രാജാവിന്റെ ഉപദേഷ്ടാവായും അദ്ദേഹം നിയമിതനായി. മക്ക പ്രവിശ്യയിലെ ഭരണപരവും വികസനപരവുമായ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും കാലാവധി നീട്ടി നൽകിയത്.

സൗദിയിലെ ദീർഘകാല ഭരണപരിചയമുള്ള പ്രമുഖരിൽ ഒരാളാണ് അമീർ ഖാലിദ് അൽ ഫൈസൽ. 1967ൽ യൂത്ത് വെൽഫെയർ ഡയറക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1971 മുതൽ 2007 വരെ അസീർ പ്രവിശ്യാ ഗവർണറായും സേവനമനുഷ്ഠിച്ചു.

സംസ്കാരം, സാഹിത്യം, കല തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്. അബഹ കൾച്ചറൽ അവാർഡ്, അറബ് തോട്ട് ഫൗണ്ടേഷൻ, അൽ ഫൈസൽ മാഗസിൻ തുടങ്ങിയ സാംസ്കാരിക സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും പിന്തുണ നൽകുകയും ചെയ്തു. മക്ക കൾച്ചറൽ ഫോറം, അമീർ ഖാലിദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോഡറേഷൻ എന്നിവയുടെ മേൽനോട്ടവും അദ്ദേഹം വഹിക്കുന്നു. കിങ് ഫൈസൽ അവാർഡ് ബോർഡിന്റെ അധ്യക്ഷനുമാണ്.

രാജ്യത്തിന് നൽകിയ സേവനങ്ങളെ മാനിച്ച് 2019ൽ സൽമാൻ രാജാവ് അദ്ദേഹത്തിന് ‘കിങ് അബ്ദുൽ അസീസ് സ്കാർഫ്’ സമ്മാനിച്ചിരുന്നു.

അതേസമയം, റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിന്റെ സേവന കാലാവധിയും മന്ത്രിപദവിയോടെ നാല് വർഷത്തേക്ക് കൂടി നീട്ടി. നേരത്തെ ഖസീം പ്രവിശ്യാ ഗവർണറായിരുന്ന അമീർ ഫൈസൽ ബിൻ ബന്ദറിനെ 2015 ജനുവരി 29നാണ് റിയാദ് ഗവർണറായി നിയമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റിയാദ് പ്രവിശ്യയിൽ വിവിധ വികസന, ഭരണപരിഷ്കാര പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.