റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ തകർത്തു; അവശിഷ്ടങ്ങൾ വീണ് കിന്റർഗാർട്ടനും ക്ലിനിക്കുകൾക്കും നാശനഷ്ടം
റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും നാശനഷ്ടം സംഭവിച്ചു. ഇക്കാര്യം സൗദി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി സ്ഥിരീകരിച്ചു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സുരക്ഷാ സേന ആകാശത്തുവെച്ച് തകർത്തതായി റിപ്പോർട്ട്. മിസൈൽ തകർത്തതിനെ തുടർന്ന് താഴേക്ക് പതിച്ച അവശിഷ്ടങ്ങൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾക്ക് കാരണമായി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തെ കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി അറിയിച്ചു. സംഭവത്തെ തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളും രക്ഷാപ്രവർത്തനങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടും ആക്രമണം
സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ മൂന്ന് വിദേശ പൗരന്മാർ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് വനിതകൾ കൊല്ലപ്പെട്ടു. സൗദി സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരും ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ബുധനാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുഡാനീസ് പൗരൻ കൊല്ലപ്പെട്ടു. അഞ്ച് സൗദി സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു പാകിസ്താൻ പൗരൻ എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണങ്ങളിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. രണ്ട് വിമാനത്താവളങ്ങളിലെയും കെട്ടിടങ്ങൾക്കും അനുബന്ധ സംവിധാനങ്ങൾക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.