ടെക്നോളജി

സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന്; 1.5 കോടി പേർക്ക് ഗ്രഹണം നേരിട്ട് കാണാം

20 വർഷങ്ങൾക്ക് ശേഷം യൂറോപ്പിൽ വീണ്ടും സമ്പൂർണ്ണ സൂര്യഗ്രഹണം! സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അപൂർവ ആകാശക്കാഴ്ച ദൃശ്യമാകും.

moon
moon


വാനനിരീക്ഷകരും ആകാശക്കാഴ്ചകളുടെ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ നിമിഷം ഇന്ന്! യൂറോപ്പിന്റെ ആകാശത്ത് പകൽനേരത്ത് തന്നെ ഇരുട്ട് പടർത്തി വിസ്മയക്കാഴ്ചയൊരുക്കാൻ സമ്പൂർണ്ണ സൂര്യഗ്രഹണം. യൂറോപ്പിലുടനീളമുള്ള ഏകദേശം 15 മില്യൺ ആളുകൾക്ക് ഈ അതിശയകരമായ ആകാശ പ്രതിഭാസത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനാകും.


പട്ടാപകൽ തന്നെ ആകാശം ഇരുണ്ടുതുടങ്ങുകയും സൂര്യനെ പൂർണമായും ചന്ദ്രൻ മറയ്ക്കുകയും ചെയ്യുന്ന അപൂർവ കാഴ്ചയ്ക്കാണ് ഗ്രഹണപാതയിലുള്ളവർ സാക്ഷികളാകുക. 20 വർഷത്തിന് ശേഷം യൂറോപ്പിൽ വീണ്ടും സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ഗ്രഹണത്തിനുണ്ട്. സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകും.


എന്നാൽ ഇന്ത്യക്കാർക്ക് ഈ വിസ്മയക്കാഴ്ച നേരിട്ട് കാണാനാകില്ല. സമയമേഖലകളിലെ വ്യത്യാസം കാരണം, ഇന്ത്യൻ സമയം അനുസരിച്ച് ഓഗസ്റ്റ് 12 രാത്രി 9:45 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 2:15 വരെയാണ് ഗ്രഹണം നടക്കുക. ഈ സമയത്ത് ഇന്ത്യയിൽ രാത്രിയായതിനാലാണ് രാജ്യത്ത് നിന്ന് ഗ്രഹണം നേരിട്ട് കാണാൻ കഴിയാത്തത്.


എങ്കിലും നിരാശപ്പെടേണ്ടതില്ല! ഗ്രഹണപാതയിൽ ഉൾപ്പെടാത്തവർക്കും വിവിധ ഓൺലൈൻ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ ഈ അപൂർവ ആകാശവിസ്മയം തത്സമയം ആസ്വദിക്കാനാകും. യൂറോപ്പിന്റെ ആകാശത്തെ പകൽ ഇരുട്ടിലാഴ്ത്തുന്ന ഈ അപൂർവ കാഴ്ച ലോകമെമ്പാടുമുള്ള വാനനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.