പുത്തൻ ഫീച്ചറുകളുമായി എംജി വിൻഡ്സർ ഇൻഡൽജ് എഡിഷൻ; സവിശേഷതകൾ അറിയാം
പുതിയ എംജി വിൻഡ്സർ ഇൻഡൽജ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 17,99,800 രൂപ എക്സ്-ഷോറൂം വിലയുള്ള ഇലക്ട്രിക് കാറിൽ 38 kWh ബാറ്ററി പാക്കും 332 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ഇന്റീരിയറും ബിസിനസ് ക്ലാസ് യാത്രാസൗകര്യങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ.

എംജി വിൻഡ്സർ ഇലക്ട്രിക് കാറിന്റെ പുതിയ ഇൻഡൽജ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ ആഡംബര സൗകര്യങ്ങളും പ്രീമിയം ഡിസൈനുമായെത്തുന്ന പുതിയ പതിപ്പിന്റെ എക്സ്-ഷോറൂം വില 17,99,800 രൂപയാണ്. ഒറ്റ ചാർജിൽ 332 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കൊച്ചിയിലെ എംജി കോസ്റ്റ്ലൈൻ ഗാരേജിൽ നടന്ന ചടങ്ങിലാണ് പുതിയ എഡിഷൻ പുറത്തിറക്കിയത്. എംജി സോണൽ ഹെഡ് കണ്ണൻ ഗോപിനാഥൻ, എഎസ്എം സേഷാ സായ്, കോസ്റ്റ്ലൈൻ ഗാരേജ് ജനറൽ മാനേജർ (സെയിൽസ്) ജയകുമാർ ജി., ജനറൽ മാനേജർ (സർവീസ്) മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബാറ്ററിയും പ്രകടനവും
38 kWh ബാറ്ററി പാക്കാണ് എംജി വിൻഡ്സർ ഇൻഡൽജ് എഡിഷനിൽ നൽകിയിരിക്കുന്നത്. 100 കിലോവാട്ട് (136 PS) കരുത്തും 200 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 332 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അറിയിക്കുന്നത്.
പ്രീമിയം എക്സ്റ്റീരിയർ ഡിസൈൻ
ഷാഡോ ഗോൾഡ് ബോഡി കളറും ബ്ലാക്ക് റൂഫും ചേർന്ന ഡ്യുവൽ ടോൺ ഡിസൈനാണ് പുതിയ എഡിഷന്റെ പ്രധാന ആകർഷണം. ബ്ലാക്ക് ഔട്ട്സൈഡ് റിയർവ്യൂ മിററുകൾ, 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, സി-പില്ലറിലെ പ്രത്യേക ഇൻഡൽജ് ബാഡ്ജിംഗ് എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
കൂടുതൽ സൗകര്യങ്ങളുമായി ഇന്റീരിയർ
കാറിന്റെ അകത്തളത്തിൽ അർബൻ ടാൻ, ബ്ലാക്ക് നിറങ്ങൾ ചേർന്ന പുതിയ അപ്ഹോൾസ്റ്ററിയാണ് ഒരുക്കിയിരിക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ സ്വകാര്യതയും സുഖസൗകര്യങ്ങളും നൽകുന്നതിനായി പ്രൈവസി സ്ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻഡൽജ് ബാഡ്ജിംഗോടുകൂടിയ പ്രീമിയം പില്ലോകൾ, നെക്ക് കുഷ്യനുകൾ എന്നിവയും യാത്രാസുഖം മെച്ചപ്പെടുത്തുന്നു. ബിസിനസ് ക്ലാസ് യാത്രാനുഭവം ലക്ഷ്യമിട്ടാണ് ഈ സൗകര്യങ്ങൾ നൽകിയിരിക്കുന്നത്.
പ്രത്യേക ആക്സസറി പാക്കേജ്
റിയർ സൺഷെയ്ഡ്, തീം അടിസ്ഥാനമാക്കിയുള്ള 3D ഫ്ലോർ മാറ്റുകൾ, ഫ്രണ്ട് ഗ്രില്ലിലെ ക്രോം അലങ്കാരങ്ങൾ, ബമ്പർ കോർണർ പ്രൊട്ടക്ടറുകൾ, ബോഡി സൈഡ് മോൾഡിംഗ്, പ്രീമിയം ലെതർ കീ കവർ തുടങ്ങിയവയും പുതിയ എഡിഷന്റെ സവിശേഷതകളാണ്.
ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വാഹനം കൂടുതൽ വ്യക്തിഗതമാക്കുന്നതിനുള്ള പ്രത്യേക ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ആകർഷകമായ ഡിസൈനിനൊപ്പം മികച്ച യാത്രാസുഖവും പ്രീമിയം സൗകര്യങ്ങളും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് എംജി വിൻഡ്സർ ഇൻഡൽജ് എഡിഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.