ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങിയവരെ വാഹനം തടഞ്ഞ് മർദിച്ചു; യുവാക്കൾക്കായി അന്വേഷണം
തിരുവനന്തപുരം കഴക്കൂട്ടത്ത് നബിദിനാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. പാറക്കരി സ്വദേശികളായ നാലുപേർക്കായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാറക്കരി സ്വദേശികളായ ബിലാൽ, അഫ്‌സൽ, സുൽത്താൻ, യാസിൻ എന്നിവർക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രതികളുടെ വീടുകൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്.
ചൊവ്വാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. വടക്കുംഭാഗം പാറക്കരി ഭാഗത്ത് ദഫ്‌മുട്ട് കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന ചാന്നങ്കര സ്വദേശി അദീഫ് കബീർ (20)യും കഴക്കൂട്ടം സ്വദേശി അജിംഷയും ആക്രമിക്കപ്പെട്ടത്. മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ ബൈക്ക് തടഞ്ഞുനിർത്തി ഇരുവരെയും മർദിക്കുകയായിരുന്നു.
അദീഫിന്റെ തലയ്ക്ക് ആയുധം ഉപയോഗിച്ച് കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ നെറ്റിക്ക് മുകളിലാണ് പരിക്കേറ്റത്. തുടർന്ന് അദീഫിനെ ക്രൂരമായി മർദിച്ചതായും പൊലീസ് പറഞ്ഞു.
പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും കഴക്കൂട്ടം പൊലീസ് അറിയിച്ചു.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.