തിരുവനന്തപുരം

പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത്; കേരള പൊലീസ് സ്ഥിരീകരിച്ചു

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം തൃശൂർ സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങൾ ചിത്രം തിരിച്ചറിഞ്ഞതായും ദാമോദര മേനോനുമായി പൊലീസ് ഫോണിൽ സംസാരിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് എസിപി അറിയിച്ചു.

kurup
kurup

തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രമെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും ദാമോദര മേനോന്റേതാണെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ദാമോദര മേനോന്റെ കുടുംബാംഗങ്ങളും പ്രചരിക്കുന്ന ചിത്രം അദ്ദേഹത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കരുമത്രയിൽ ദാമോദര മേനോന്റെ പേരിലുള്ള പത്ത് സെന്റ് ഭൂമിയുടെ രേഖകളും പൊലീസ് പരിശോധിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചതായും പൊലീസ് വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളുള്ള അദ്ദേഹം നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു.

42 വർഷമായി പൊലീസ് തിരയുന്ന കൊലക്കേസ് പ്രതിയാണ് സുകുമാരക്കുറുപ്പ്. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ഒരാളുടെ ചിത്രം സംബന്ധിച്ച് പൊലീസിന് മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഇന്ത്യക്കാരിൽ നിന്ന് ഉൾപ്പെടെ നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു.

പാസ്‌പോർട്ട് ദാമോദര മേനോന്റേത്

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടും ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തെ തുടർന്ന് ചികിത്സയിലാണ് ദാമോദര മേനോൻ.

നാട്ടിലുള്ള കുടുംബാംഗങ്ങളുമായി അദ്ദേഹം നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.