വയനാട്

ചൂരൽമല വീട് നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും; അടിസ്ഥാന സൗകര്യങ്ങൾ നവംബർ 15നകം സജ്ജമാക്കുമെന്ന് സർക്കാർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. അടിസ്ഥാന സൗകര്യങ്ങൾ നവംബർ 15നകം സജ്ജമാക്കും. കർഷകർക്കും വ്യാപാരികൾക്കുമുള്ള നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കാനും നിർദേശം.

Home

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കുമെന്ന് സർക്കാർ. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. വീടുകൾ അനുവദിക്കുന്നതിനുള്ള നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും.

ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണുകളും തുടരും. കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്. കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തിൽ കൈമാറാനും യോഗത്തിൽ തീരുമാനിച്ചു.

ദുരന്തബാധിത കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഏർപ്പെടുത്തിയ സ്മാർട്ട് കാർഡുകളുടെ വിതരണം അടിയന്തരമായി പൂർത്തിയാക്കും. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് ദുരന്തബാധിതർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും നിർദേശം നൽകി.

അതേസമയം, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള രണ്ടാംഘട്ട വീടുകളുടെ കൈമാറ്റം വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ദുരന്തബാധിതർ പുനരധിവാസ ടൗൺഷിപ്പിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. സെപ്റ്റംബർ അവസാനത്തോടെ വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വൈകിയതോടെയാണ് പ്രതിഷേധം ശക്തമായത്.

ഇതിന് പിന്നാലെയാണ് വീടുകളുടെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനും ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.