ജനവാസമേഖലയിൽ പട്ടാപ്പകൽ ഒറ്റയാന്റെ വിലസൽ; തരിയോടുകാരെ ഭീതിയിലാഴ്ത്തി ‘മുറിവാലൻ’
വ്യാപകമായി കൃഷിനാശം വിതച്ച് ജനവാസ മേഖലയിൽ കാട്ടാനയുടെ വിളയാട്ടം; ഭീതിയിലായി നാട്ടുകാർ
വയനാട് തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കാട്ടാന ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. സ്കൂട്ടറിൽ യാത്ര ചെയ്തയാൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് വ്യാപകമായി കൃഷിനാശം വിതച്ചാണ് കാട്ടാനയുടെ സഞ്ചാരം.
‘മുറിവാലൻ’ എന്നറിയപ്പെടുന്ന കാട്ടാനയാണ് പ്രദേശത്ത് ഭീതി പരത്തിയത്. വ്യാഴാഴ്ച രാവിലെ തരിയോട് എട്ടാംമൈൽ പമ്പ് ഹൗസിന് സമീപമായിരുന്നു സംഭവം.
റോഡരികിൽ മറച്ചുകെട്ടിയിരുന്ന ഷീറ്റ് തകർത്താണ് വാലിന് മുറിവുള്ള കാട്ടാന റോഡിലേക്ക് ഇറങ്ങിയത്. തുടർന്ന് റോഡിലൂടെ മുന്നോട്ട് നീങ്ങിയ ആന, സ്കൂട്ടറിന്റെ ശബ്ദം കേട്ടതോടെ പെട്ടെന്ന് തിരിഞ്ഞ് യാത്രക്കാരന് നേരെ പാഞ്ഞടുക്കുകയായിരുന്നു. യാത്രക്കാരൻ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ സുഗന്ധഗിരി സെക്ഷൻ പരിധിയിലാണ് സംഭവം നടന്നത്. ‘മുറിവാലൻ’ കൊമ്പൻ പ്രദേശത്ത് സ്ഥിരം ശല്യക്കാരനാണെന്നും നേരത്തെയും ജനവാസമേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.