വേൾഡ്ടുഡേ

ആഘോഷിക്കാൻ സ്റ്റേജിൽ; കയ്യടിക്ക് പകരം 'ശമ്പളവർധന വേണം' മുദ്രാവാക്യം, കുലുങ്ങാതെ സി.ഇ.ഒ; വീഡിയോ വൈറൽ

കയ്യടിക്ക് പകരം മുഴങ്ങിയത് 'ശമ്പളവർധന വേണം' എന്ന മുദ്രാവാക്യം. എച്ച്.സി.എൽ വാർഷികാഘോഷ വേദിയിൽ ജീവനക്കാരുടെ പ്രതിഷേധത്തിനിടയിലും ശാന്തത കൈവിടാതെ സി.ഇ.ഒ സി. വിജയകുമാർ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

men
men

ആഘോഷ വേദിയിൽ ശമ്പളവർധന ആവശ്യം; മുദ്രാവാക്യങ്ങൾക്കിടയിലും പുഞ്ചിരിയോടെ എച്ച്.സി.എൽ സി.ഇ.ഒ

എച്ച്.സി.എൽ ടെക്കിന്റെ വാർഷികാഘോഷ ചടങ്ങിനിടെയാണ് കമ്പനിയുടെ സി.ഇ.ഒ സി. വിജയകുമാറിന് അപ്രതീക്ഷിത അനുഭവമുണ്ടായത്. പ്രസംഗത്തിനായി അദ്ദേഹം വേദിയിലേക്ക് എത്തിയപ്പോൾ പതിവുപോലെ കയ്യടികളല്ല, "ഞങ്ങൾക്ക് ശമ്പളവർധന വേണം" എന്ന മുദ്രാവാക്യമാണ് നൂറുകണക്കിന് ജീവനക്കാർ ഒരുമിച്ച് മുഴക്കിയത്.

ജീവനക്കാരുടെ പ്രതിഷേധം അപ്രതീക്ഷിതമായിരുന്നെങ്കിലും സി. വിജയകുമാർ ശാന്തത കൈവിട്ടില്ല. പുഞ്ചിരിയോടെ സദസിനെ അഭിവാദ്യം ചെയ്ത അദ്ദേഹം ശമ്പളവർധന ആവശ്യത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാതെ പ്രസംഗം പൂർത്തിയാക്കി.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഐ.ടി. മേഖലയിലെ ജീവനക്കാർ നേരിടുന്ന സമ്മർദവും നിരാശയും പരസ്യമായി പ്രകടമായ സംഭവമാണിതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം, ഔദ്യോഗിക ചടങ്ങിൽ ഇത്തരത്തിലുള്ള പ്രതിഷേധം ശരിയായ രീതിയല്ലെന്ന വിമർശനവും മറ്റൊരു വിഭാഗം ഉയർത്തുന്നു.

ആഗോള സാമ്പത്തിക വെല്ലുവിളികളും എ.ഐ.യുടെ വ്യാപനവും ചെലവ് ചുരുക്കൽ നടപടികളും കാരണം ഐ.ടി. മേഖലയിലെ ശമ്പളവർധന പല കമ്പനികളിലും മന്ദഗതിയിലാണ്. എന്നാൽ സാമ്പത്തികമായി ശക്തമായ നിലയിലുള്ള എച്ച്.സി.എൽ ടെക്കിലും അർഹമായ ശമ്പളവർധന ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.

60 രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലേറെ ജീവനക്കാരുള്ള ആഗോള ഐ.ടി. കമ്പനിയാണ് എച്ച്.സി.എൽ ടെക്. എ.ഐ., ഡിജിറ്റൽ സർവീസസ്, ക്ലൗഡ്, സോഫ്റ്റ്‌വെയർ, ഐ.ടി. എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.