കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ ഇനി സഹേൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം; പുതിയ സംവിധാനവുമായി മാൻപവർ അതോറിറ്റി
കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സഹേൽ ആപ്പിൽ പുതിയ സൗകര്യമൊരുക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. 'ബല്ലിഗ്നി' സേവനത്തിലൂടെ എട്ട് തരത്തിലുള്ള നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും നിയമലംഘനങ്ങൾ തടയുകയുമാണ് ലക്ഷ്യം.

കുവൈത്തിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട എട്ട് തരത്തിലുള്ള നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഒരുക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. സർക്കാർ സേവന ആപ്പായ സഹേലിലെ 'ബല്ലിഗ്നി' എന്ന സേവനത്തിലൂടെയാണ് സ്വദേശികൾക്കും പ്രവാസികൾക്കും പരാതികൾ സമർപ്പിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, കരാറോ രസീതോ നൽകാതെ അധിക തുക ഈടാക്കൽ, അനധികൃത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കൽ, പൊതുസ്ഥലങ്ങളിലെ സുരക്ഷാ നിയമലംഘനങ്ങൾ തുടങ്ങിയവ പുതിയ സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യാം.
തൊഴിലാളികൾക്കെതിരായ ശാരീരിക പീഡനം, ലിംഗവിഭാഗത്തിന്റെ അടിസ്ഥാനത്തിൽ അനുവദനീയമല്ലാത്ത ജോലികളിൽ നിയമിക്കൽ, 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കൽ എന്നിവ സംബന്ധിച്ച പരാതികളും നൽകാം.
കൂടാതെ, വേനൽക്കാലത്ത് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം ലംഘിക്കുന്നതിനെതിരെയും പരാതി സമർപ്പിക്കാം.
പരാതി നൽകുന്നത് എങ്ങനെ?
സഹേൽ ആപ്പിലെ 'ബല്ലിഗ്നി' സേവനം തിരഞ്ഞെടുത്ത് നിയമലംഘനത്തിന്റെ വിഭാഗം രേഖപ്പെടുത്തണം. തുടർന്ന് സംഭവത്തിന്റെ വിശദാംശങ്ങൾ, സ്ഥലം, തെളിവായി ലഭ്യമായ ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തി പരാതി സമർപ്പിക്കാം. പരാതി നൽകിയ ശേഷം റഫറൻസ് നമ്പർ ലഭിക്കും.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
പുതിയ സേവനം നിലവിൽ വരുന്നതോടെ തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.