വേൾഡ്ടുഡേ

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; സമാധാന പ്രതീക്ഷയ്ക്ക് വഴിയൊരുങ്ങുന്നു

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും നിലപാട്. ഖത്തർ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. ഹോർമൂസ് കടലിടുക്ക് തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചതും പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നു

trump
trump

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ ശക്തമാകുന്നു. അമേരിക്കയുമായി ചർച്ചകൾ അസാധ്യമല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് നയതന്ത്ര നീക്കങ്ങൾക്ക് പ്രതീക്ഷയേറിയത്. എന്നാൽ സമ്മർദത്തിന് വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി.

ബഹുമാനത്തോടെയുള്ള സമീപനവും ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുന്നതുമാണ് ആവശ്യമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. നേരത്തെ ഉണ്ടായ സമാധാന ധാരണകൾ തുടരാനാണ് താൽപര്യമെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയതും ചർച്ചകൾക്ക് അനുകൂലമായ സൂചനയായാണ് വിലയിരുത്തുന്നത്.

അതിനിടെ, ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടും നിർണായക നീക്കവുമായി അമേരിക്ക രംഗത്തെത്തി. മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഹോർമൂസ് തുറന്നതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനും ഒമാനും ചേർന്ന് താൽക്കാലിക പാത തുറക്കാനുള്ള നീക്കങ്ങൾക്കിടെയാണ് അമേരിക്കയുടെ പ്രഖ്യാപനം.

ഏകദേശം 1,500 കപ്പലുകൾക്ക് അകമ്പടി നൽകിയെന്നും 75 കോടി ബാരൽ എണ്ണ ഹോർമൂസ് കടന്നുപോയെന്നും അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ സ്വാധീനത്തെ ചോദ്യം ചെയ്യുന്നതാണ് അമേരിക്കയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

ഖത്തർ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനം സംഘർഷം ലഘൂകരിക്കുന്നതിലും ചർച്ചകൾ പുനരാരംഭിക്കുന്നതിലും നിർണായക വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.