വേൾഡ്ടുഡേ

ചൈനയിൽ ഭൂചലനം; ടിബറ്റിൽ അണക്കെട്ട് തകർന്നു, നേപ്പാളിൽ വീണ്ടും പ്രളയഭീതി

നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; രക്ഷാദൗത്യം നിർത്തിവെച്ചു, ത്രിശൂലിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

nepal 2
nepal 2

നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച നൽകിയ പുതിയ മുന്നറിയിപ്പിനെ തുടർന്ന് മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പ്രദേശത്തെ റോഡ് പുനർനിർമാണം ഉൾപ്പെടെയുള്ള എല്ലാ ജോലികളും നിർത്തിവെച്ചതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നതിനിടെയാണ് വീണ്ടും പ്രളയ മുന്നറിയിപ്പ്.

ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്നവരെയും വാഹനങ്ങളെയും പ്രദേശത്തുനിന്ന് മാറ്റുകയാണെന്ന് നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥൻ പി. ചൗധരി പറഞ്ഞു. എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാൽ രക്ഷാപ്രവർത്തനവും മറ്റ് ജോലികളും താൽക്കാലികമായി നിർത്തിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ലോങ്ചാങ് നഗരത്തിന് സമീപമാണ് ഭൂചലനം ഉണ്ടായതെന്ന് ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ടിബറ്റൻ ഭാഗത്തുനിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാകുന്നതിനാൽ ത്രിശൂലി നദിയിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് നേപ്പാൾ പൊലീസിന്റെ മുന്നറിയിപ്പ്. ടിബറ്റൻ മേഖലയിലെ ഒരു അണക്കെട്ട് വീണ്ടും തകർന്നതായും ഇതിനെ തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.