വേൾഡ്ടുഡേ

ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; മുൻഭാഗത്തിന് കേടുപാടുകൾ, അടിയന്തര ലാൻഡിംഗ്; യാത്രക്കാർ സുരക്ഷിതർ

വിമാനത്തിന്റെ മുൻഭാഗത്തുണ്ടായ കേടുപാടുകൾ മിന്നലേറ്റതിനെ തുടർന്നാകാമെന്നാണ് സംശയം. എന്നാൽ വലിയ ആലിപ്പഴങ്ങൾ പതിച്ചതോ പക്ഷിയിടിച്ചതോ മൂലമുണ്ടായ ആഘാതമാകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല.

Indigo

പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് മിന്നലേറ്റതായി റിപ്പോർട്ട്. വിമാനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെ വലിയ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു.

104 യാത്രക്കാരും ആറ് ജീവനക്കാരുമായി സഞ്ചരിച്ച ഇൻഡിഗോയുടെ 6E925 വിമാനത്തിനാണ് ഏകദേശം 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ മിന്നലേറ്റതായി സംശയിക്കുന്നത്. വിമാനത്തിന്റെ മുൻഭാഗമായ നോസ് സെക്ഷനിലാണ് കേടുപാടുകൾ കണ്ടെത്തിയത്.

സാധാരണയായി ഇടിമിന്നലിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് വിമാനങ്ങളുടെ പുറംഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിന്നലേറ്റാൽ വൈദ്യുതി വിമാനത്തിന്റെ പുറംഭാഗത്തുകൂടി സഞ്ചരിച്ച് ചിറകുകളിലൂടെയോ വാലിലൂടെയോ പുറത്തേക്ക് കടന്നുപോകുകയാണ് പതിവെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു.

അതേസമയം, വിമാനത്തിന്റെ മുൻഭാഗത്തുണ്ടായ കേടുപാടുകൾക്ക് മിന്നൽ മാത്രമാണോ കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. വലിയ ആലിപ്പഴങ്ങൾ പതിച്ചതോ പക്ഷിയിടിച്ചതോ മൂലമുണ്ടായ ആഘാതമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.

ലഖ്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് തുടർസർവീസ് നടത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. സംഭവത്തെ തുടർന്ന് തുടർസർവീസ് റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കുകയോ ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചു.

വിമാനക്കമ്പനിയുടെ എൻജിനീയറിംഗ് വിഭാഗം വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അന്വേഷണം പൂർത്തിയായ ശേഷമേ കേടുപാടുകളുടെ യഥാർഥ കാരണം വ്യക്തമാകൂ.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.