വേൾഡ്ടുഡേ

വൈറ്റ് ഹൗസിൽ CNN, MS NOW, Politicoയ്ക്ക് വിലക്ക്; ‘വ്യാജവാർത്ത’ ആരോപിച്ച് ട്രംപ്

തുടർച്ചയായി വ്യാജവാർത്തകൾ നൽകുന്നുവെന്ന ആരോപണം; മാധ്യമ വിലക്കിനെ ന്യായീകരിച്ച് ട്രംപ്

അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ CNN, MS NOW, Politico എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തുടർച്ചയായി ‘വ്യാജവാർത്തകളും കെട്ടുകഥകളും’ പ്രസിദ്ധീകരിക്കുന്നുവെന്ന ആരോപണമാണ് നടപടിക്ക് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഏത് വാർത്തകളെയാണ് ഇതിന് അടിസ്ഥാനമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കൂടുതൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും സമാന നടപടി ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി.

ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് എന്നിവയെയും ട്രംപ് ‘വ്യാജവാർത്ത’ മാധ്യമങ്ങളെന്ന് വിശേഷിപ്പിച്ചെങ്കിലും അവയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ CNN പ്രതികരിച്ചു. വൈറ്റ് ഹൗസിൽ നിന്ന് ഭരണകൂടത്തിന്റെ ഇടപെടലോ തടസ്സമോ ഇല്ലാതെ വാർത്ത റിപ്പോർട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം തങ്ങൾക്കുണ്ടെന്ന് CNN വ്യക്തമാക്കി. Politicoയും മാധ്യമപ്രവർത്തനം തുടരുമെന്നും ഭരണഘടനയിലെ ഒന്നാം ഭേദഗതി പ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

വിലക്ക് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രഖ്യാപനത്തിന് പിന്നാലെയും ഈ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസ് പരിസരത്ത് ജോലി ചെയ്തിരുന്നു

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.