കേരളം

ആറാം മാസത്തിൽ തന്നെ മന്ത്രിസഭയിൽ ഭിന്നത; വി.ഡി. സതീശനെതിരെ മന്ത്രിമാർ, 'ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നു'

യുഡിഎഫ് അധികാരത്തിലെത്തി ആറാം മാസത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാരുടെ വിമർശനം. പി.എസ്.സി, ദേവസ്വം നിയമനങ്ങളിൽ കൂടിയാലോചനയില്ലാതെ തീരുമാനമെടുക്കുന്നുവെന്നാണ് മന്ത്രിമാരുടെ പരാതി.

VD SATHEESHAN

യുഡിഎഫ് അധികാരത്തിലെത്തി ആറാം മാസത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതായി റിപ്പോർട്ട്. പി.എസ്.സി, ദേവസ്വം നിയമനങ്ങളിൽ കൂടിയാലോചന നടത്താതെ തീരുമാനമെടുക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. വിമർശനങ്ങളും മറുപടികളുമായി യോഗം രണ്ടര മണിക്കൂറോളം നീണ്ടു.

പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്. ചർച്ച നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എ.പി. അനിൽകുമാർ വിമർശിച്ചു. എന്നാൽ അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. പി.എസ്.സി നിയമനങ്ങളിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഇതിനിടെ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് കെ. മുരളീധരൻ വിശദീകരിച്ചു. എന്നാൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫും വിമർശനവുമായി രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ചില വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടാകാറുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. കൂട്ടായ ചർച്ചകളില്ലാതെ തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതി മന്ത്രിമാർ ഒന്നടങ്കം മുഖ്യമന്ത്രിക്കു മുന്നിൽ ഉന്നയിച്ചതായാണ് റിപ്പോർട്ട്.

അധികാരത്തിലെത്തി ആറാം മാസത്തിൽ മന്ത്രിസഭയ്ക്കുള്ളിൽ ഇത്തരത്തിൽ അസാധാരണമായ വിമർശനങ്ങൾ ഉയർന്നത് രാഷ്ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്. മന്ത്രിമാർക്കിടയിൽ വിശദമായ ചർച്ച നടന്നതോടെ യോഗം രണ്ടര മണിക്കൂറോളം നീണ്ടു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.