കേരളം

മന്ത്രിമാരുടെ എതിർപ്പിൽ പ്രതിസന്ധി; മന്ത്രിസഭാ യോഗത്തിന് മുമ്പ് സമവായ നീക്കം, ഗുരുവായൂർ ദേവസ്വം നിയമനത്തിൽ വിവാദം

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. പട്ടികയിലെ പേരുകൾ മാറ്റാനാകില്ലെന്ന് ദേവസ്വം വകുപ്പ് നിലപാടെടുക്കുമ്പോൾ, മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിയുമായി മന്ത്രിമാരും രംഗത്ത്.

Politician and Temple News Collage

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട വിവാദം യുഡിഎഫിൽ രൂക്ഷമാകുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പ് വിഷയത്തിൽ സമവായത്തിലെത്താൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നു. നിയമന പട്ടികയിലെ പേരുകൾ മാറ്റാനാകില്ലെന്നാണ് ദേവസ്വം വകുപ്പിന്റെ നിലപാട്. അതേസമയം, മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് ഒരു വിഭാഗം മന്ത്രിമാരുടെ പരാതി. എന്നാൽ പട്ടിക തയ്യാറാക്കിയത് ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. തന്നോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരനും വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സതീശനെ പിന്തുണച്ചാണ് മന്ത്രിയുടെ പ്രതികരണം.

എന്നാൽ പേരുകൾ തീരുമാനിക്കുന്നതിൽ വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്നാണ് മറ്റ് മന്ത്രിമാരുടെ പരാതി. നിലവിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ജനറൽ വിഭാഗത്തിൽ രണ്ട് ഒഴിവുകളും ജീവനക്കാരുടെ പ്രതിനിധിയായി ഒരു ഒഴിവുമാണുള്ളത്. കോൺഗ്രസ് നേതാക്കളായ സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത് എന്നിവരെ ജനറൽ വിഭാഗത്തിലേക്കും പി. അഭിലാഷിനെ ജീവനക്കാരുടെ പ്രതിനിധിയായും ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിതനായ എ.വി. ഗോപിനാഥാണ് നിലവിലെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ ബാക്കിയുണ്ട്.

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയടക്കം ഒമ്പത് ഹിന്ദു അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഇതുവരെ ഒപ്പിട്ടത് പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രി കെ.എ. തുളസി മാത്രമാണെന്നാണ് വിവരം.

മന്ത്രിമാർക്കിടയിലെ അഭിപ്രായവ്യത്യാസം സർക്കാരിനുള്ളിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.