ആറുമാസം പിന്നിട്ട് സതീശൻ സർക്കാർ; പ്രിയദർശിനിയും ഓപ്പറേഷൻ തൂഫാനും നേട്ടം, കൂട്ടുത്തരവാദിത്തം വെല്ലുവിളി
വി.ഡി. സതീശൻ സർക്കാർ ആറുമാസം പിന്നിടുമ്പോൾ പ്രിയദർശിനി, ഓപ്പറേഷൻ തൂഫാൻ പദ്ധതികൾ നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാൽ കൂടിയാലോചനകളുടെ അഭാവവും വൈദ്യുതി കരാർ വിവാദങ്ങളും സർക്കാരിന് വെല്ലുവിളിയാകുന്നു.

വി.ഡി. സതീശൻ സർക്കാർ ഇന്ന് ആറുമാസം പൂർത്തിയാക്കുന്നു. പ്രിയദർശിനി പദ്ധതി, ഓപ്പറേഷൻ തൂഫാൻ, വയോജന വകുപ്പ് തുടങ്ങിയവ സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി വിലയിരുത്തപ്പെടുമ്പോഴും തുടർച്ചയായ വിവാദങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രഖ്യാപിച്ച ചില പദ്ധതികൾ ഇപ്പോഴും നടപ്പാക്കാനായിട്ടില്ലെന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നു.
ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി, കോളേജ് വിദ്യാർഥിനികൾക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയവ ഇതുവരെ നടപ്പിലായിട്ടില്ല. അതേസമയം, കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതി മന്ത്രിമാർക്കിടയിൽനിന്ന് ഉയരുന്നത് സർക്കാരിന് അസാധാരണമായ വെല്ലുവിളിയാണ്.
ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ പട്ടികയിൽ ഒരു വിഭാഗം മന്ത്രിമാർ ഒപ്പിടാത്തതും വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിലും ഈ വിഷയം മന്ത്രിമാർ ഉന്നയിക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
വിവാദമായ വൈദ്യുതി കരാറുകളും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഒടുവിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനുപുറമെ മന്ത്രിമാർക്കായി 24 പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനം, എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവർധന, ഐപാഡ് വാങ്ങൽ എന്നിവയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.
ആറുമാസത്തെ ഭരണത്തിനിടെ ചില പദ്ധതികൾ നേട്ടമായി ഉയർത്തിക്കാട്ടുമ്പോഴും വിവാദങ്ങളും ഭരണതലത്തിലെ അഭിപ്രായവ്യത്യാസങ്ങളും സർക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന് വെല്ലുവിളിയാകുകയാണ്.




അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.