കോൺഗ്രസിലേക്ക് മടങ്ങാൻ പത്മജ വേണുഗോപാൽ; കെപിസിസി നേതൃത്വത്തിന് കത്ത് നൽകും, ചർച്ചകൾക്കുശേഷം പാർട്ടി തീരുമാനം
ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വത്തിന് കത്ത് നൽകാനാണ് നീക്കം.

തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാൽ കെപിസിസി നേതൃത്വത്തിന് കത്ത് നൽകും. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് പത്മജ നന്ദി അറിയിച്ചു. പത്മജയുടെ മടങ്ങിവരവ് സംബന്ധിച്ച് ചർച്ചകൾ നടത്തിയ ശേഷമായിരിക്കും കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുക്കുക.
ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ബിജെപി വിട്ട കാര്യം അവർ വെളിപ്പെടുത്തിയത്. ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെ എടുത്തുചാടിയതായും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെ മാത്രമാണെന്നും ചേട്ടനെ തിരിച്ചുകിട്ടിയതാണ് സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു.
പദവി ലഭിക്കാത്തതുകൊണ്ടല്ല ബിജെപി വിട്ടതെന്നും പാർട്ടിയിൽനിന്ന് പ്രത്യേക വാഗ്ദാനങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും പത്മജ വ്യക്തമാക്കി. താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അറിയാമായിരുന്നുവെന്നും അവർ പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങാനുള്ള തീരുമാനം ഏതെങ്കിലും പദവി ലക്ഷ്യമിട്ടല്ലെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ വ്യക്തമാക്കി.
അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും അതിനാൽ മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജയുടെ രാജി നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പ്രതികരിച്ചു. പത്മജയുമായി സ്നേഹപൂർവമായ ബന്ധമാണുള്ളതെന്നും അവർ തന്നോട് പരാതികളൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പത്മജയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.

-1600x900.webp&w=3840&q=75&dpl=dpl_7U2kgv4n4wsyuuQk4DBqJxW6KVbf)


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.