കേരളം

സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി; കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യം, ഇനി ജാഗ്രത പാലിക്കുമെന്നും ഉറപ്പ്

കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞതായും ഇനി ജാഗ്രത പാലിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.

KPCC Contempt Of Court

കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ സോഷ്യൽ മീഡിയ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞതായും ഭാവിയിൽ ഇത്തരം പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഇനി മുതൽ കെപിസിസിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയതായും ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്ന അഡ്മിൻമാരുടെ എണ്ണം പരിമിതപ്പെടുത്തിയതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ അവസാനിപ്പിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിക്കുവേണ്ടി സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പോസ്റ്റിനെതിരെ സുപ്രീം കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ കെപിസിസി അധ്യക്ഷൻ ഉൾപ്പെടെ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. കോടതിയെ അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.

ഇതിന് പിന്നാലെ കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പോസ്റ്റിട്ട വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി സണ്ണി ജോസഫ് അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് വിവേകശൂന്യമായ പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നേതൃത്വം വിശദീകരിച്ചിരുന്നു.

വിവാദ സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞതും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.