ഇടതിന്റെ വക്കാലത്ത് ഏറ്റെടുക്കേണ്ട കാര്യം അഭിജീത്തിനില്ല’; ദീപകിന്റെ എസ്ഐആർ പരാമർശത്തിൽ മുസ്ലിം യൂത്ത് ലീഗ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന്റെ ഭരണപരാജയത്തിന് കാരണം എസ്ഐആർ ആണെന്ന അഭിജീത് ദീപ്കെയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ഇടതുപക്ഷത്തിന്റെ വക്കാലത്ത് ഏറ്റെടുക്കേണ്ട കാര്യം അഭിജീത്തിനില്ലെന്ന് യൂത്ത് ലീഗ് വിമർശിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന് അധികാരം നഷ്ടമായതിന് കാരണം എസ്ഐആർ ആണെന്ന അഭിജീത് ദീപ്കെയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ഭരണത്തിലെ പ്രശ്നങ്ങൾ കാരണമാണ് അധികാരം നഷ്ടമായതെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും അഭിജീത് ദീപ്കെയുടെ പ്രസ്താവനയിൽ സിജെപി നേതൃത്വം വിശദീകരണം നൽകണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തിന്റെ വക്കാലത്ത് ഏറ്റെടുക്കേണ്ട കാര്യം അഭിജീത് ദീപ്കെയ്ക്കില്ലെന്നും ഇത്തരം പ്രസ്താവനകൾ എസ്ഐആറിനെതിരെ നടക്കുന്ന വിശാലമായ പ്രതിഷേധങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഷിബു മീരാൻ വിമർശിച്ചു.
അതേസമയം, വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചിരുന്നു. കേരളത്തിൽ പിണറായി വിജയന്റെയും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെയും തോൽവികൾ ആസൂത്രിതമാണെന്നും ഇവ യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നതിലൂടെ ബിജെപിക്ക് മാത്രമാണ് നേട്ടമുണ്ടാകുന്നതെന്നും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി രേഖപ്പെടുത്തുന്നത് എങ്ങനെയാണെന്നും അഭിജീത് ചോദിച്ചു.
അനുമതിയില്ലാതെ സമരം സംഘടിപ്പിച്ചെന്ന ആരോപണത്തിനും അഭിജീത് മറുപടി നൽകി. സമരം ചെയ്യുന്നത് ജനങ്ങളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാൻ അനുമതി നൽകുന്നത് അമിത് ഷായുടെ കുടുംബസ്വത്തല്ലെന്നും ബെംഗളൂരുവിൽ സമാധാനപരമായി പ്രതിഷേധിച്ച തങ്ങൾക്ക് ഡൽഹിയിൽ അതിനുള്ള അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ യുവജനങ്ങൾ നിർഭയരാണെന്നും അറസ്റ്റ് വരിക്കാൻ പോലും തയ്യാറാണെന്നും അഭിജീത് വ്യക്തമാക്കി. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഈ സമരം സിജെപിയുടെ നിലനിൽപ്പിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ശക്തമാക്കിയിട്ടുണ്ട്. സിജെപി, കോൺഗ്രസ്, മറ്റ് പ്രതിപക്ഷ സംഘടനകൾ, വിദ്യാർഥി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് നാല് ദിവസമായി പ്രതിഷേധം തുടരുകയാണെന്നാണ് റിപ്പോർട്ട്.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.