Riyadh

റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. സംഭവത്തിൽ ഇന്ത്യൻ എംബസി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Airport

ഒക്ടോബർ 10-ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തമുണ്ടായ സമയം മുതൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും ഈ പ്രയാസകരമായ ഘട്ടത്തിലും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും എംബസി അറിയിച്ചു.

പരേതന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ച എംബസി, കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലെത്തിക്കുന്നതിനോ റിയാദിൽ സംസ്കരിക്കുന്നതിനോ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കി.

മക്ക ലക്ഷ്യമിട്ട ഡ്രോൺ തകർത്തതായി സൗദി സഖ്യസേന

കഴിഞ്ഞ ദിവസം യെമനിലെ ഹൂതി വിഭാഗം മക്ക ലക്ഷ്യമാക്കി അയച്ച ഡ്രോൺ സൗദി സഖ്യസേന തകർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യെമനിലെ സംയുക്ത സേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. മക്ക മേഖലയെ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ വ്യോമപ്രതിരോധ സേന കൃത്യസമയത്ത് കണ്ടെത്തി തകർക്കുകയായിരുന്നുവെന്നാണ് അറിയിച്ചത്.

'ഈസ്റ്റ്-വെസ്റ്റ്' എണ്ണ പൈപ്പ്‌ലൈൻ വികസിപ്പിക്കുന്നു

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ തന്ത്രപ്രധാനമായ 'ഈസ്റ്റ്-വെസ്റ്റ്' എണ്ണ പൈപ്പ്‌ലൈൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ എൻജിനീയറിങ് ജോലികൾ ആരംഭിച്ചതായി കമ്പനി സിഇഒ അമീൻ അൽ നാസർ അറിയിച്ചു.

മേഖലയിലെ സംഘർഷങ്ങളും എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും കാരണം പൈപ്പ്‌ലൈൻ വഴി എണ്ണ നീക്കുന്നതിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. പൈപ്പ്‌ലൈൻ നിർമാണത്തിനായി ചെലവഴിച്ച തുകയ്ക്ക് തുല്യമായ വരുമാനം വെറും 15 ദിവസത്തെ പ്രവർത്തനത്തിലൂടെ തിരിച്ചുപിടിക്കാൻ കമ്പനിക്ക് കഴിഞ്ഞതായും അൽ നാസർ വ്യക്തമാക്കി.

പൈപ്പ്‌ലൈനിന് നേരെ ആക്രമണമുണ്ടായിട്ടും ഏതാനും ദിവസങ്ങൾക്കുള്ളിൽ എണ്ണ കയറ്റുമതി പൂർവസ്ഥിതിയിലാക്കാൻ അരാംകോയ്ക്ക് സാധിച്ചു. കടൽത്തീരത്തുള്ള എണ്ണ ടെർമിനലുകൾ പരമാവധി പ്രയോജനപ്പെടുത്തിയും കടലിൽ ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റുന്ന രീതികൾ ഉപയോഗിച്ചും വിതരണ മാർഗങ്ങളിൽ മാറ്റം വരുത്തിയുമാണ് കമ്പനി കയറ്റുമതി നിലനിർത്തിയത്.

മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ആഗോള ഉപഭോക്താക്കൾക്ക് എണ്ണ വിതരണം തടസ്സമില്ലാതെ തുടരുന്നതിനുള്ള നടപടികളാണ് അരാംകോ സ്വീകരിക്കുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.