ബിസ്ലേരിക്ക് തിരിച്ചടി; രണ്ട് പരിശോധനകളിലും പരാജയം, പ്രോസിക്യൂഷന് അനുമതി
ബിസ്ലേരി ഇന്റർനാഷനലിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളുകൾ എഫ്എസ്എസ്എഐ നടത്തിയ രണ്ട് ലാബ് പരിശോധനകളിലും പരാജയപ്പെട്ടു. ഇതേത്തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ ഫുഡ് സേഫ്റ്റി അതോറിറ്റി അനുമതി നൽകി. എന്നാൽ ഏത് ബാച്ചിലെ വെള്ളമാണ് പരിശോധനയിൽ പരാജയപ്പെട്ടതെന്ന് എഫ്എസ്എസ്എഐ വെളിപ്പെടുത്തിയിട്ടില്ല.

ബിസ്ലേരി ഇന്റർനാഷനലിൽനിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിൾ രണ്ട് ലാബ് പരിശോധനകളിലും പരാജയപ്പെട്ടു. ഇതേത്തുടർന്ന് ബിസ്ലേരി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. 2006ലെ ഭക്ഷ്യസുരക്ഷാ, ഗുണനിലവാര നിയമപ്രകാരമാണ് നടപടി.
ആദ്യ പരിശോധനയിൽ ബ്രോമേറ്റ്; അപ്പീലിന് പിന്നാലെ വീണ്ടും പരിശോധന
പതിവ് ഗുണനിലവാര പരിശോധനയുടെ ഭാഗമായി എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ ബിസ്ലേരി ഇന്റർനാഷനലിൽനിന്ന് നേരിട്ടാണ് സാമ്പിൾ ശേഖരിച്ചത്. ആദ്യ ലാബ് പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് അതോറിറ്റി വിലയിരുത്തി.
വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ഓസോൺ, വെള്ളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ബ്രോമൈഡുമായി ചേരുമ്പോൾ രൂപപ്പെടുന്ന രാസവസ്തുവാണ് ബ്രോമേറ്റ്. ഇന്ത്യയിൽ ഒരു ലിറ്റർ കുടിവെള്ളത്തിൽ അനുവദനീയമായ പരമാവധി ബ്രോമേറ്റ് അളവ് 0.01 മില്ലിഗ്രാമാണ്.
ആദ്യ ലാബ് റിപ്പോർട്ടിനെതിരെ ബിസ്ലേരി നിയമപ്രകാരം അപ്പീൽ നൽകി. തുടർന്ന് സ്വതന്ത്രമായ രണ്ടാം പരിശോധനയ്ക്കായി സാമ്പിൾ എഫ്എസ്എസ്എഐ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. രണ്ടാം പരിശോധനയിലും സാമ്പിൾ സുരക്ഷിതമല്ലെന്നായിരുന്നു കണ്ടെത്തൽ.
എന്നാൽ ഇത്തവണ ബ്രോമേറ്റായിരുന്നില്ല പ്രശ്നം. പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്) എന്നറിയപ്പെടുന്ന ഘടകങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. അനുവദനീയമായ സുരക്ഷിത പരിധിക്ക് മുകളിലായാൽ ഇവ ആരോഗ്യത്തിന് ദോഷകരമാകാം.
സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയമലംഘനം ലാബ് പരിശോധനകളിലൂടെ വ്യക്തമായതിനെത്തുടർന്നാണ് ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയതെന്ന് എഫ്എസ്എസ്എഐ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
ഏത് ബാച്ച്? വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
പരിശോധനയിൽ പരാജയപ്പെട്ട സാമ്പിൾ ബിസ്ലേരിയുടെ ഏത് ഉൽപ്പന്ന വകഭേദത്തിൽപ്പെട്ടതാണെന്നോ ഏത് നിർമാണശാലയിലാണ് ഉൽപ്പാദിപ്പിച്ചതെന്നോ എഫ്എസ്എസ്എഐ വെളിപ്പെടുത്തിയിട്ടില്ല. ബാച്ച് നമ്പറും പുറത്തുവിട്ടിട്ടില്ല. രാജ്യവ്യാപകമായി ഉൽപ്പന്നം തിരിച്ചുവിളിക്കാനും ഉത്തരവിട്ടിട്ടില്ല.
പ്രോസിക്യൂഷന് അനുമതി നൽകിയെങ്കിലും ഈ ഘട്ടത്തിൽ കമ്പനി കുറ്റക്കാരാണെന്ന് കോടതി വിധിച്ചിട്ടില്ല. ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി 140 നിർമാണശാലകളും 5,080 വിതരണക്കാരും 8,270 വിതരണ ട്രക്കുകളുമാണ് കമ്പനിക്കുള്ളത്.


-1600x900.webp&w=3840&q=75&dpl=dpl_7U2kgv4n4wsyuuQk4DBqJxW6KVbf)


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.