ബിസിനസ്ടുഡേ

യുകെയിൽ നിന്നുള്ള സ്കോച്ച് ഇറക്കുമതി തടഞ്ഞ് കസ്റ്റംസ്; 150% തീരുവ വേണമെന്ന് ആവശ്യം

ഇന്ത്യ–യുകെ വ്യാപാര കരാറിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവയെച്ചൊല്ലി കസ്റ്റംസും മദ്യ കമ്പനികളും തമ്മിൽ തർക്കം രൂക്ഷമാകുന്നു. കുറഞ്ഞ തീരുവ പ്രതീക്ഷിച്ച കമ്പനികളുടെ 80-ലധികം കണ്ടെയ്‌നറുകളാണ് 150 ശതമാനം നികുതി ആവശ്യപ്പെട്ട് കസ്റ്റംസ് തടഞ്ഞുവച്ചത്.

Scotch Whisky

ഇന്ത്യ–യുകെ വ്യാപാര കരാറിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവയെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. പെർനോ റിക്കാർഡ്, ഡിയാജിയോ എന്നീ കമ്പനികൾ ഇറക്കുമതി ചെയ്ത ബൾക്ക് സ്കോച്ച് വിസ്കി അടങ്ങിയ നിരവധി കണ്ടെയ്‌നറുകളാണ് ഇന്ത്യൻ കസ്റ്റംസ് കഴിഞ്ഞയാഴ്ച തടഞ്ഞുവച്ചത്. ഇവയ്ക്ക് 150 ശതമാനം ഇറക്കുമതി തീരുവ ഈടാക്കണമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ഇന്ത്യ–യുകെ വ്യാപാര കരാർ പ്രകാരമുള്ള കുറഞ്ഞ തീരുവ ബാധകമാകുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്പനികൾ ഇറക്കുമതി നടത്തിയത്.

തർക്കത്തിന് പിന്നിലെന്ത്?

ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ–യുകെ വ്യാപാര കരാറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന തർക്കമാണിത്. വിസ്കി ബ്രാൻഡുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ബൾക്ക് സ്കോച്ച് കോൺസൻട്രേറ്റുകൾക്ക് വ്യാപാര കരാറിലെ കുറഞ്ഞ തീരുവയായ 75 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാദം.

കുപ്പിയിലാക്കി നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഫിനിഷ്ഡ് സ്കോച്ച് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് 75 ശതമാനം തീരുവ ബാധകമാകുന്നതെന്നാണ് കസ്റ്റംസ് വകുപ്പിന്റെ നിലപാട്. എന്നാൽ ബൾക്ക് സ്കോച്ച് ഇറക്കുമതി ചെയ്യുമ്പോഴും കുറഞ്ഞ തീരുവ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മദ്യ കമ്പനികൾ.

ബൾക്ക് സ്കോച്ചിന് 150 ശതമാനം തീരുവ വേണമെന്ന് റവന്യൂ ഇന്റലിജൻസ്

ബൾക്ക് സ്കോച്ചിന് ഇന്ത്യ–യുകെ വ്യാപാര കരാറിലെ ആനുകൂല്യം ഇറക്കുമതിക്കാർ തെറ്റായി അവകാശപ്പെടുകയാണെന്നാണ് റവന്യൂ ഇന്റലിജൻസിന്റെ നിലപാട്. ഇത്തരത്തിലുള്ള വ്യാഖ്യാനം സർക്കാരിന്റെ നികുതി വരുമാനത്തിൽ വലിയ നഷ്ടമുണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ 150 ശതമാനം തീരുവ കൃത്യമായി ഈടാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള സ്കോച്ച് കയറ്റുമതി 335 മില്യൺ ഡോളർ

2024ൽ ഇന്ത്യയിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതിയുടെ മൂല്യം 335 മില്യൺ ഡോളറായിരുന്നു. ഇന്ത്യ–യുകെ വ്യാപാര കരാറിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 1.34 ബില്യൺ ഡോളർ കൂടി വർധിക്കുമെന്നാണ് സ്കോച്ച് വിസ്കി അസോസിയേഷന്റെ വിലയിരുത്തൽ.

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന സ്കോച്ച് വിസ്കിയുടെ ഏകദേശം 80 ശതമാനവും ബൾക്ക് രൂപത്തിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇവ പിന്നീട് ഇന്ത്യൻ നിർമിത വിദേശ മദ്യം (IMFL) ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ചെറിയ അളവിലുള്ള സ്കോച്ച് മറ്റ് സ്പിരിറ്റുകളും ചേരുവകളും ചേർത്താണ് ഈ വിഭാഗത്തിലുള്ള മദ്യം നിർമിക്കുന്നത്.

തുറമുഖങ്ങളിൽ കുടുങ്ങിയത് 80ലേറെ കണ്ടെയ്‌നറുകൾ

ഉയർന്ന ഇറക്കുമതി തീരുവ നൽകാൻ കമ്പനികൾ തയ്യാറാകാത്തതിനെത്തുടർന്ന് നിരവധി കണ്ടെയ്‌നറുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണ്. പെർനോ റിക്കാർഡിന്റെയും ഡിയാജിയോയുടെയും 40ലധികം കണ്ടെയ്‌നറുകൾ വീതം തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യം നീണ്ടുനിൽക്കുന്നത് ഉൽപ്പന്നങ്ങളുടെ വിതരണത്തെ ബാധിച്ചേക്കും.

ബക്കാർഡിയുടെ അഞ്ച് കണ്ടെയ്‌നറുകളും കസ്റ്റംസ് തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.