ദേശീയ വാർത്തകൾ

ദീപാവലി വരെ റാലി മാറ്റിവെക്കണം’; രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തയച്ച് വ്യാപാരികളുടെ സംഘടന

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തയച്ച് ദില്ലിയിലെ വ്യാപാരികളുടെ സംഘടന. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലി ദീപാവലി കഴിയുന്നതുവരെ മാറ്റിവെക്കണമെന്നാണ് ആവശ്യം. ഉത്സവകാലത്തെ വ്യാപാര പ്രവർത്തനങ്ങളെ റാലി ബാധിക്കുമെന്ന ആശങ്കയാണ് വ്യാപാരികൾ ഉയർത്തുന്നത്.

Rahul Gandhi Letter

നവംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റിവെക്കണമെന്ന ആവശ്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തയച്ച് വ്യാപാരികളുടെ സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ആണ് ബുധനാഴ്ച കത്തയച്ചത്.

റാലിയിൽ വലിയ ജനക്കൂട്ടം എത്തുന്നത് ദീപാവലിയോടനുബന്ധിച്ചുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടനയുടെ ആശങ്ക. അതിനാൽ ദീപാവലി കഴിയുന്നതുവരെ റാലി മാറ്റിവെക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ ചർച്ച നടത്താൻ രാഹുൽ ഗാന്ധി 20 മിനിറ്റ് സമയം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലിയിലെ 20 മാർക്കറ്റുകളിൽ നിന്നുള്ള വ്യാപാര പ്രതിനിധികൾക്ക് തങ്ങളുടെ ആശങ്കകൾ അറിയിക്കാൻ അവസരം നൽകണമെന്ന് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ ആവശ്യപ്പെട്ടു. തങ്ങൾ ഏറ്റുമുട്ടലിനല്ല, ചർച്ചയ്ക്കാണ് തയ്യാറാകുന്നതെന്നും ചെറുകിട വ്യാപാരികളടക്കം എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

റാലി വ്യാപാരത്തിന് ഗുണകരമാകുമെന്നും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നും രാഹുൽ ഗാന്ധിക്ക് വ്യാപാരികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ പ്രതിഷേധം പിൻവലിക്കാൻ തയ്യാറാണെന്നും സംഘടന അറിയിച്ചു.

എന്നാൽ റാലി മൂലം വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ബോധ്യപ്പെട്ടാൽ പരിപാടി ദീപാവലിക്ക് ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും സിടിഐ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.