ദേശീയ വാർത്തകൾ

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം; കർശന നടപടിയുമായി റെയിൽവേ

ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിങ്ങിന് കർശന നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദേശം നൽകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമാണ് നടപടി.

Indian Train Charging Safety at Night

ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിങ്ങിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ നിർദേശം നൽകി. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാനാണ് എല്ലാ റെയിൽവേ സോണുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.

നിർദിഷ്ട സമയത്ത് ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനകൾ നടത്താനും റെയിൽവേ നിർദേശിച്ചു. നിയമം കൃത്യമായി നടപ്പാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

2014ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന നിയമം കർശനമായി പാലിക്കണമെന്നാണ് സോണുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ–ഹൗറ മെയിൽ ട്രെയിനിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്.

ഒഡീഷയിൽവച്ച് ട്രെയിനിലെ എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റെയിൽവേ വിലയിരുത്തി.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് രാത്രികാല ചാർജിങ് നിയന്ത്രണം കർശനമാക്കുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.