ദേശീയ വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരെ ഖർഗെയുടെ വസതിയിൽ പ്രതീകാത്മക പരസ്യവിചാരണ; 30 പേർ സംസാരിക്കും, പാർലമെന്റിനെ അപമാനിക്കുന്ന നടപടിയെന്ന് ബിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പ്രതീകാത്മക പരസ്യവിചാരണ സംഘടിപ്പിക്കും. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷയാകുന്ന പരിപാടിയിൽ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളും പൗരാവകാശ പ്രവർത്തകരും പങ്കെടുക്കും.

Indian Election

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക പരസ്യവിചാരണ സംഘടിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിലാണ് പരിപാടി നടക്കുന്നത്. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷയാകുന്ന ചടങ്ങിൽ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും.

ഡൽഹിയിലെ രാജാജി മാർഗിലുള്ള ഖർഗെയുടെ പത്താം നമ്പർ വസതിയിലാണ് പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. വൈകിട്ട് നാല് മണിയോടെ പരസ്യവിചാരണ ആരംഭിക്കാനാണ് തീരുമാനം. എന്നാൽ ഡൽഹിയിൽ തുടരുന്ന മഴ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്.

പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പൗരാവകാശ സംഘടനകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 30 പേർ സംസാരിക്കും. ഇതിൽ 21 പേർ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ളവരായിരിക്കും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പരാതികളുള്ള നാല് പേരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. പൗരാവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുക്കും.

മല്ലികാർജുൻ ഖർഗെയാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കുക. രാഹുൽ ഗാന്ധിയും പരിപാടിയിൽ സംസാരിക്കും. വൈകിട്ട് ഏഴ് മണിയോടെ ചടങ്ങ് അവസാനിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. പരിപാടിയുടെ അവസാനം ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രതീകാത്മക പ്രഖ്യാപനം നടത്തും. ഏകദേശം 400 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഈ പരിപാടി കേന്ദ്രസർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പാർലമെന്റ് പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതീകാത്മക പരസ്യവിചാരണയ്ക്ക് പിന്നാലെ ഡൽഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന റാലിക്കുള്ള ഒരുക്കങ്ങളിലേക്ക് ഇന്ത്യാ സഖ്യം കടക്കും. അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ ഞായറാഴ്ച നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്നാണ് വിവരം.

പ്രതീകാത്മക പരസ്യവിചാരണയെ വിമർശിച്ച് ബിജെപി

പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. പാർലമെന്റിനെ അപമാനിക്കുന്ന നടപടിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി വക്താവും എംപിയുമായ സുധാംശു ത്രിവേദി വിമർശിച്ചു.

രണ്ട് പ്രതിപക്ഷ നേതാക്കൾ ഇത്തരം നടപടിക്ക് നേതൃത്വം നൽകുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പരിപാടിയിലെ പ്രഖ്യാപനം പ്രതീകാത്മകം മാത്രമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഔദ്യോഗികമായി സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമപരമായ അധികാരം ഈ പരിപാടിക്കില്ല.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.