കുൽഗാമിൽ സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെ ഭീകരാക്രമണം; ലഷ്കർ ഇ ത്വയ്യിബയ്ക്ക് പങ്കെന്ന് സംശയം, ബാരാമുള്ളയിൽ ഗ്രനേഡുമായി ഒരാൾ പിടിയിൽ
കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്യിബയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. മേഖലയിൽ ഭീകരർക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. ഇതിനിടെ കിഷ്ത്വാറിൽ ഡ്യൂട്ടിക്ക് പോയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായതായും റിപ്പോർട്ടുണ്ട്. ബാരാമുള്ളയിലെ ബാദർകോട്ടെ വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ ഗ്രനേഡ് കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ പിടികൂടി.
ആക്രമണത്തിന് പിന്നിൽ ലഷ്കർ കമാൻഡറെന്ന് സംശയം
കഴിഞ്ഞ ദിവസം കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ലഷ്കർ ഇ ത്വയ്യിബയുടെ പ്രാദേശിക കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടാണ് ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം.
ആക്രമണത്തിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ച, ഒരു ആൺകുട്ടി ചെക്ക്പോസ്റ്റിലെത്തി സിആർപിഎഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവവും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
വനമേഖലയിൽനിന്ന് എത്തിയ രണ്ടംഗ സംഘം വെടിയുതിർത്തു
ശ്രീനഗറിൽനിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയും ജമ്മു–ശ്രീനഗർ ദേശീയപാതയിൽനിന്ന് ഒരു കിലോമീറ്റർ മാറിയുമാണ് ആക്രമണമുണ്ടായ ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ചെക്ക്പോസ്റ്റിന് 50 മീറ്റർ അകലെയുള്ള വനമേഖലയിൽനിന്ന് കാൽനടയായി എത്തിയ രണ്ട് സായുധ ഭീകരരാണ് വെടിയുതിർത്തതെന്നാണ് വിവരം. ഒരാൾ വെടിയുതിർത്തപ്പോൾ രണ്ടാമൻ കവർ നൽകുകയായിരുന്നു.
പരിക്കേറ്റ മൂന്ന് ജവാന്മാരെയും 22 കിലോമീറ്റർ അകലെയുള്ള അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ വയറിനാണ് ഗുരുതരമായി വെടിയേറ്റത്. മറ്റ് രണ്ട് പേർക്ക് കൈകാലുകളിലാണ് പരിക്കേറ്റത്.
ഭീകരർ വനമേഖലയിലേക്ക് രക്ഷപ്പെട്ടു
പരിക്കേറ്റിട്ടും ജവാന്മാർ ഭീകരർക്ക് നേരെ തിരിച്ചടിക്കുകയും അവരെ പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ അക്രമികൾ നൗപൂർ ഭാഗത്തെ വനമേഖലയിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് മോട്ടറോള മൊബൈൽ ഫോണും സിം കാർഡും അന്വേഷണസംഘം കണ്ടെടുത്തു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കിഷ്ത്വാറിൽ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബാരാമുള്ളയിലെ ബാദർകോട്ടെ വനമേഖലയിൽ ഗ്രനേഡ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും സൈന്യം അന്വേഷണം തുടരുന്നു.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.