വന്യജീവി സംരക്ഷണ ഫണ്ട് വെട്ടിക്കാൻ പദ്ധതി ചെലവ് 99% കുറച്ചുകാണിച്ചെന്ന് പരാതി; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് കേന്ദ്ര ഉത്തരവ്
അദാനി ഗ്രൂപ്പിന്റെ ജലവൈദ്യുത പദ്ധതി നിർമാണച്ചെലവിൽ ക്രമക്കേട് നടത്തിയെന്ന പരാതി. വന്യജീവി സംരക്ഷണ ഫണ്ട് വെട്ടിക്കുറയ്ക്കാൻ പദ്ധതി ചെലവ് 99 ശതമാനം കുറച്ചുകാണിച്ചെന്നാണ് ആരോപണം. സംഭവത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പ് നിർമിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ചെലവ് കണക്കിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. വന്യജീവി സംരക്ഷണത്തിനായി നൽകേണ്ട ഫണ്ട് കുറയ്ക്കാൻ പദ്ധതി ചെലവ് 99 ശതമാനം വെട്ടിക്കുറച്ചു കാണിച്ചെന്നാണ് ആരോപണം.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നിർമിക്കുന്ന 1,500 മെഗാവാട്ട് ശേഷിയുള്ള തരളി പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിയിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടിരിക്കുന്നത്. സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഭാഗമായ കൊയ്‌ന വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയിലാണ് പദ്ധതി വരുന്നത്.
2025 ഫെബ്രുവരിയിലെ പരിസ്ഥിതി അനുമതി രേഖകളിൽ പദ്ധതിയുടെ നിർമാണച്ചെലവ് 5,675 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് മഹാരാഷ്ട്ര വനം വകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇത് 56.75 കോടി രൂപയായി കുറച്ചുകാണിച്ചെന്നാണ് പരാതി.
പദ്ധതിച്ചെലവിന്റെ നാല് ശതമാനം വന്യജീവി സംരക്ഷണത്തിനായി നൽകണമെന്ന വ്യവസ്ഥയുണ്ട്. 5,675 കോടി രൂപ ചെലവ് കണക്കാക്കിയാൽ കമ്പനി 227 കോടി രൂപ നൽകേണ്ടിവരും. എന്നാൽ പുതുക്കിയ കണക്കനുസരിച്ച് ഈ തുക 2.275 കോടി രൂപയായി കുറയും. ഇതുവഴി വനം വകുപ്പിന് നൽകേണ്ട തുക വെട്ടിക്കുറയ്ക്കാനാണ് നീക്കമെന്നാണ് പരാതിയിലെ ആരോപണം.
ഇത്രയും വലിയ ശേഷിയുള്ള ജലവൈദ്യുത പദ്ധതി 56.75 കോടി രൂപയ്ക്ക് നിർമിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സത്താറ ജില്ലയിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ രോഹൻ ഭാട്ടെയാണ് പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നവംബർ ആറിന് സംസ്ഥാന വനം വകുപ്പിന് നിർദേശം നൽകി.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.