യോഗി ആദിത്യനാഥിന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടർമാരുടെ എണ്ണം വർധിച്ചെന്ന് വിശദീകരണം
ഹിന്ദു വോട്ടുകൾ വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് 18 ലക്ഷത്തിലധികം വോട്ടർമാർ വർധിച്ചെന്നും മതാടിസ്ഥാനത്തിൽ വോട്ടർമാരുടെ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ സ്പെഷ്യൽ സമ്മറി റിവിഷൻ (SSR) നടപടികളിലൂടെ ഹിന്ദു വോട്ടുകൾ വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് പിന്നാലെ വോട്ടർമാരുടെ എണ്ണം വർധിച്ചതിന്റെ കണക്കുകളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. സംസ്ഥാനത്ത് പുതുക്കിയ വോട്ടർ പട്ടികയിൽ 18 ലക്ഷത്തിലധികം വോട്ടർമാർ വർധിച്ചെന്ന് കമ്മീഷൻ അധികൃതർ വ്യക്തമാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലം ഉൾപ്പെടുന്ന ഗോരഖ്പൂർ ജില്ലയിലും വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇന്നലെ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ 34,165 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.
എൻസിആർ മേഖലയിൽ ഉൾപ്പെടുന്ന ഗൗതം ബുദ്ധ നഗർ ജില്ലയിൽ 22,346 വോട്ടർമാരും ഗാസിയാബാദിൽ 61,235 വോട്ടർമാരും വർധിച്ചിട്ടുണ്ട്.
അതേസമയം, ജാതി-മത അടിസ്ഥാനത്തിൽ വോട്ടർമാരുടെ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു. കരട് പട്ടികയിൽ നിന്ന് വിട്ടുപോയവർക്കും പേര് ചേർക്കാനുള്ള നടപടികൾ സജീവമാക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
എന്നാൽ പ്രായപൂർത്തിയായ രണ്ടര കോടിയിലധികം പേർ ഇപ്പോഴും വോട്ടർ പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്കുകൾ. അതിനാൽ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ വരും ദിവസങ്ങളിലും നിർണായകമാകും.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.