ജില്ലാ വൈദ്യുതി ബോർഡ് സഹകരണസംഘത്തിൽ ഭിന്നത; സിപിഐ അനുകൂല ഓഫീസേഴ്സ് സംഘടന ഒറ്റയ്ക്ക് മത്സരിക്കുന്നു
സീറ്റ് അനുവദിക്കാത്തതും നേരത്തെയുണ്ടാക്കിയ ധാരണ ലംഘിച്ചതുമാണ് തർക്കത്തിന് കാരണമെന്നാണ് ആരോപണം. ഇതോടെ സിപിഐ അനുകൂല ഓഫീസേഴ്സ് സംഘടനയിലെ മൂന്ന് പേർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരരംഗത്തിറങ്ങി.

തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബി ജീവനക്കാരുടെ സ്പെഷ്യൽ എ ഗ്രേഡ് ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഐ അനുകൂല ഓഫീസേഴ്സ് സംഘടന ഒറ്റയ്ക്ക് മത്സരിക്കുന്നു. സിഐടിയു അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വം തങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സിപിഐയുടെ ഓഫീസേഴ്സ് സംഘടനയായ ഓഫീസേഴ്സ് ഫെഡറേഷൻ അറിയിച്ചു.
സീറ്റ് ധാരണ ലംഘിച്ചെന്ന് ആരോപണം
2021ൽ ഭരണസമിതിയിലെ സീറ്റുകളുടെ എണ്ണം ഒമ്പതിൽ നിന്ന് 13 ആയി ഉയർത്തിയപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് ഓഫീസേഴ്സ് ഫെഡറേഷന്റെ വാദം. എന്നാൽ നിലവിലെ തെരഞ്ഞെടുപ്പിൽ ഈ ധാരണ പാലിക്കപ്പെട്ടില്ലെന്നും സീറ്റ് അനുവദിക്കാത്തതിനെ തുടർന്നാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
മുന്നണികൾക്കിടയിലും വ്യത്യസ്ത നിലപാടുകൾ
ഓഫീസേഴ്സ് ഫെഡറേഷൻ ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ എഐടിയുസി സംഘടന സിപിഎം നേതൃത്വം നൽകുന്ന പുരോഗമന സഹകരണ മുന്നണിക്കൊപ്പമാണ് മത്സരിക്കുന്നത്. അതേസമയം, ഐഎൻടിയുസി യൂണിയൻ അവരുടെ യുഡിഇഎഫ് മുന്നണിയിൽ വിമതപക്ഷക്കാർക്കും സീറ്റ് നൽകിയിട്ടുണ്ട്.
സഹകരണസംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും.




അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.