കേരളം

ശബരിമല സ്വർണക്കൊള്ള കേസ്: പ്രോസിക്യൂഷൻ അനുമതിക്കായി എസ്ഐടി; ദേവസ്വം സെക്രട്ടറിക്ക് അപേക്ഷ നൽകി

കട്ടിളപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരുവർഷത്തിന് ശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടിയത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിൽ നേരത്തേ കോടതിയും വിമർശനം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരും ഭാരവാഹികളുമാണ് കേസിലെ പ്രതികൾ.

Sabarimala

ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി പ്രത്യേക അന്വേഷണസംഘമായ എസ്ഐടി. ദേവസ്വം വകുപ്പ് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരുവർഷത്തിന് ശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്നത്. കേസിലെ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിൽ നേരത്തേ കോടതിയും വിമർശനം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരും ഭാരവാഹികളും പ്രതിപ്പട്ടികയിലുള്ളതിനാലാണ് പ്രോസിക്യൂഷൻ അനുമതിക്കായി ദേവസ്വം സെക്രട്ടറിയെ സമീപിച്ചത്.

അനുമതി ലഭിച്ചാൽ കുറ്റപത്രം കോടതിയിൽ

പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് ദേവസ്വം വകുപ്പാണ്. ചൊവ്വാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിക്കുന്നതിന് മുമ്പ് ഡിജിപി മുഖേന റിപ്പോർട്ട് ദേവസ്വം വകുപ്പിന് കൈമാറി. വകുപ്പ് നിയമോപദേശം തേടിയ ശേഷം അനുമതി നൽകിയാൽ കുറ്റപത്രം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

ശബരിമലയിലെ കട്ടിളപ്പാളികൾ ചട്ടങ്ങൾ മറികടന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് കൈമാറിയെന്നും പാളികളിൽനിന്ന് പോറ്റിയും സംഘവും ചേർന്ന് സ്വർണം വേർതിരിച്ചെടുത്തെന്നുമാണ് കേസിലെ ആരോപണം.

13 പേരാണ് പ്രതിപ്പട്ടികയിൽ

കട്ടിളപ്പാളി കേസിൽ ആകെ 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അടുത്തിടെ അന്തരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ശ്യാംപ്രകാശ്, മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു, സുധീഷ്, മുൻ തിരുവാഭരണം കമ്മീഷണർ ബൈജു, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി വ്യാപാരി ഗോവർധൻ, മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ വിജയകുമാർ, കെ.പി. ശങ്കരദാസ്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രതികൾ.

ദ്വാരപാലകപ്പാളി കേസിലും കൂടുതൽ സമയം തേടി എസ്ഐടി

അതേസമയം, ശബരിമല സ്വർണക്കൊള്ളയിലെ ദ്വാരപാലകപ്പാളി കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും ഹൈക്കോടതി പരിഗണിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് പരിഗണനയ്ക്ക് വന്നത്. രണ്ട് കേസുകളിലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്തിമ റിപ്പോർട്ടുകൾ വന്നശേഷം സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.